പ്രദ്യോത് ദേബ്ബർമ
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് തിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് ദേബ് ബര്‍മ. വ്യാഴാഴ്ചയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ്. നാളത്തെ വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയും വിടുമെന്ന് പ്രഖ്യാപിച്ച ദേബ് ബര്‍മ, ബുബഗ്ര (രാജാവ്) ആയി ഇനിയൊരിക്കലും വോട്ട് തേടില്ലെന്നും അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവുമില്ലാത്ത പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാടിയതിന്റെ വികാരം മനസിലാക്കാതെ പല നേതാക്കളും തന്നെ അവഗണിച്ചുവെന്ന് ത്രിപുരയിലെ മുന്‍ രാജകുടുംബാംഗം കൂടിയായ പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.
'ഒരു രാഷ്ട്രീയ വേദിയില്‍ ഇന്ന് എന്റെ അവസാന പ്രസംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു രാജാവായി ഇനിയൊരിക്കലും ജനങ്ങളോട് വോട്ട് തേടില്ല. ഇതെന്നെ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കായി കഠിനായി പോരാടിയിട്ടുണ്ട്' പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.
60 അംഗ ത്രിപുര നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ്. 'മാര്‍ച്ച് രണ്ടിന് ശേഷം ബുബഗ്ര രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്, എന്നാല്‍ ഞാന്‍ എന്നും എന്റെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ഞാന്‍ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സ്‌കോളര്‍ഷിപ്പിനും വേണ്ടി പ്രവര്‍ത്തിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുര ഉപമുഖ്യമന്ത്രിയും ചരിലാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജിഷ്ണു ദേവ് വര്‍മ മറ്റൊരു രാജകുടുംബാംഗമാണ്. 'ഞാന്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ സമുദായത്തെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് അയാള്‍ക്ക് (ജിഷ്ണു ദേവ് വര്‍മ) അറിയാം. യുദ്ധത്തില്‍ ഞാന്‍ അവന് ഒരിഞ്ച് ഭൂമി നല്‍കില്ല' പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു. അതേ സമയം ഇത് രാജകുടുംബത്തിലെ പോരാട്ടമല്ലെന്നും പാവപ്പെട്ടവരുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദ്യോത് ദേബ്ബര്‍മയുടെ പാര്‍ട്ടി 42 സീറ്റുകളിലാണ് ത്രിപുരയില്‍ മത്സരിക്കുന്നത്. ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യവുമാണ് പ്രധാന എതിരാളികള്‍. ത്രിപുരയില്‍ കിങ്‌മേക്കറാകുമെന്ന് കരുതിയിരുന്ന പ്രദ്യോത് ദേബ് ബര്‍മ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച് ാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുകയായിരുന്നു.
Content Highlights: Tipra Motha Chairman Pradyot Debbarma Says He Will Quit Politics After Tripura Elections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..