ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യതലസ്ഥാനം തയ്യാറായിക്കഴിഞ്ഞുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വ്യവസായങ്ങള്‍ക്കും സേവന മേഖലകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളന്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഡല്‍ഹി വീണ്ടും തുറക്കാന്‍ സമയമായി. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ട് ലോക്ക്ഡൗണ്‍ തുടര്‍ന്നുകൊണ്ടു പോകാനാവില്ല. സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞു. എങ്ങനെ മുന്നോട്ടുപോകും ? കൊറോണ വൈറസ് വ്യാപനം നേരിട്ടുകൊണ്ടുതന്നെ നാം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഡല്‍ഹി തയ്യാറെടുത്തു കഴിഞ്ഞു. ആശുപത്രികളുടെ കാര്യത്തിലും പരിശോധനാ കിറ്റുകലുടെ കാര്യത്തിലും ഡല്‍ഹി സജ്ജമാണ്. 

എല്ലാ കണ്ടെയ്ന്‍മെന്റ്  സോണുകളും സീല്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാാരിനോട് അഭ്യര്‍ഥിക്കും. മറ്റുള്ളവ ഗ്രീന്‍ സോണായി പ്രഖ്യാപിക്കണം. കടകള്‍ ഒറ്റ - ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ തുറക്കാന്‍ അനുവദിക്കണം. ലോക്ക്ഡൗണ്‍ പൂര്‍ണമായും നീക്കിയതിനു ശേഷവും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഐ.ടി ഹാര്‍ഡ്‌വെയര്‍ നിര്‍മാണം, അവശ്യവസ്തുക്കളുടെ നിര്‍മമ്മാണം എന്നിവയില്‍  ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കളുടെ ഇ കൊമേഴ്‌സ്, ഐ.ടി സേവനങ്ങള്‍, കോള്‍ സെന്ററുകള്‍, ഗോഡൗണുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ എന്നിവയ്കക്കും അനുമതി നല്‍കും.

പ്രധാന മാര്‍ക്കറ്റുകളായ കൊണാട്ട്  പ്ലേസ്, ഖാന്‍ മാര്‍ക്കറ്റ്  എന്നിവ അടഞ്ഞുകിടക്കും. ഇവിടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കകള്‍ക്ക് തുറക്കാം. സ്റ്റേഷനറി ഷോപ്പുകള്‍, ഒറ്റപ്പെട്ട കടകള്‍, റെസിഡന്‍ഷ്യല്‍ മേഖലകളിലെ അവശ്യവസ്തുക്കളും അല്ലാത്തവയും വില്‍ക്കുന്ന കടകള്‍  എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ടെക്‌നീഷ്യന്മാര്‍, ഇലക്ട്രീഷ്യന്മാര്‍, വീട്ടുജോലിക്കാര്‍  എന്നിവര്‍ക്ക് പ്രവര്‍തത്തിക്കാം. 

പൊതു ഗതാഗതം അനുവദിക്കില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാം. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്ക് യാത്രചെയ്യാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ മാത്രമെ  അനുവദിക്കൂ. വിവാഹങ്ങള്‍ 50 പേരെ പങ്കെടുപ്പിച്ചും ശവസംസ്‌കാര ചടങ്ങുകള്‍ 20 പേരെ പങ്കെടുപ്പിച്ചും നടത്താമെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Time to reopen Delhi; Ready to live with Coronavirus - Kejriwall