ന്യൂഡല്‍ഹി: എല്ലാ ദിശകളിലും സമാധാനത്തിന്റെ കരങ്ങള്‍ നീട്ടേണ്ട സമയമാണിതെന്ന് പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. പരസ്പര ബഹുമാനവും സമാധാനപരമായ സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിന് പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഏറെ വഷളായ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ പ്രസ്താവന ശ്രദ്ധേമാകുന്നത്.

പാകിസ്താന്‍ വ്യോമസേനയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഖമര്‍ ബജ്‌വയുടെ പ്രസ്താവന. കശ്മീരുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നം കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മാന്യവും സമാധാനപരവുമായ വിധത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പാക് സൈനിക മേധാവിയുടെ പ്രസ്താവന സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ നിലപാടില്‍നിന്നുള്ള പാകിസ്താന്റെ പിന്‍മാറ്റമായി ഇതിനെ കരുതാനാവില്ലെന്നും തല്‍ക്കാലത്തേക്കുള്ള ഒരു പ്രതികരണമാണോ സൈനിക മേധാവി നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Time to extend hand of peace, Pakistan Army chief