കൊല്‍ക്കത്ത: തനിക്ക് ജീവനുള്ള കാലം പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തനിക്ക് ആരേയും ഭയമില്ലെന്നും ഒരു റോയല്‍  ബംഗാള്‍ കടുവയെ പോലെ ജീവിക്കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍

'ബിജെപിയെ അധികാരത്തിലേറ്റുക എന്നാല്‍ കലാപത്തെ പ്രോത്സാഹിപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ കലാപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാം. നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം അവര്‍ ഒറ്റയ്ക്കല്ല, ജനങ്ങളുടെ പിന്തുണയുണ്ട്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലം ബിജെപിയെ ഇവിടെ അനുവദിക്കില്ല' മമത പറഞ്ഞു.

താനൊരു ദുര്‍ബലയാണെന്ന് നിങ്ങള്‍ കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളല്ല.  അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു റോയല്‍ ബംഗാള്‍ കടുവയെ പോലെ ജീവിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ നിന്നുള്ളവരെ ബംഗാള്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ബംഗാള്‍ ഭരിക്കുമെന്നും അവര്‍ പറഞ്ഞു.

Content Highlights: Till the time I'm alive, I won't allow BJP here-West Bengal CM Mamata Banerjee