പനാജി: ഗോവധത്തിന് മനുഷ്യര്‍ക്ക് എന്ത് ശിക്ഷയാണോ നല്‍കുന്നത് അതേപോലെ തന്നെ പശുക്കളെ കൊന്നുതിന്നുന്ന കടുവകളേയും ശിക്ഷിക്കണമെന്ന് ഗോവയിലെ നിയമസഭാംഗം. എന്‍സിപി എംഎല്‍എ ആയ ചര്‍ച്ചില്‍ അലിമാവോയാണ് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. 

മഹാദയി വന്യജീവി സങ്കേതത്തില്‍ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികള്‍ കൊന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ചര്‍ച്ചില്‍ അലിമാവോയുടെ പരാമര്‍ശമുണ്ടായത്. ഗോവ പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്താണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചര്‍ച്ചില്‍ അലിമാവോ. മനുഷ്യന്‍ പശുവിനെ കൊന്നുതിന്നാല്‍ ശിക്ഷയുണ്ട്. എന്ത് ശിക്ഷയാണ് പശുവിനെ തിന്നുന്ന കടുവയ്ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സങ്കേതത്തില്‍ കടുവയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുവാണ് പ്രധാനമെന്നും അലിമാവോ പറഞ്ഞു. 

എല്ലായിടത്തേയും മാനുഷിക വശങ്ങള്‍ അവഗണിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തങ്ങളുടെ കാലികളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ കടുവകളെ ആക്രമിച്ചതെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ കാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Tigers Must Be Punished For Eating Cows Like Humans: Goa MLA