Photo: PTI
ഭോപ്പാല്‍: മധ്യപ്രദേശിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നിയമസഭയില്‍ അംഗത്വം നേടുന്നതിന് മുമ്പ് തന്നെ 14 പേര്‍ മന്ത്രിമാരാകുന്നത്. വ്യാഴാഴ്ച നടന്ന മധ്യപ്രദേശ് മന്ത്രിസഭാ പുന:സംഘടനയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളില്‍ 12 പേരാണ് മന്ത്രിമാരായത്.
മാസങ്ങളുടെ നിശബ്ദതയ്ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്‍ നിരയിലേക്ക് താന്‍ വരുന്നെന്ന് സിന്ധ്യ ഒറ്റവരിയില്‍ പ്രഖ്യാപിച്ചു. 'കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു' കമല്‍നാഥും ദിഗ്‌വിജയ് സിങുമടക്കമുള്ള തന്റെ മുന്‍ സഹപ്രവര്‍ത്തകരെ ലക്ഷ്യംവച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങില്‍ സിന്ധ്യ പറഞ്ഞു.
ബിജെപി ടിക്കറ്റില്‍ അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിന്ധ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു.'കമല്‍നാഥില്‍ നിന്നോ ദിഗ് വിജയ് സിങില്‍ നിന്നോ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. 15 മാസത്തിനുള്ളില്‍ അവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കൊള്ളയടിച്ചതെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകളുണ്ട്. അനീതിക്കെതിരെ പോരാടേണ്ടത് തങ്ങളുടെ കടമയാണ്. യുദ്ധമാണെങ്കില്‍ പോലും ജ്യോതിരാദിത്യ സിന്ധ്യ മുന്‍നിരയിലുണ്ടാകും. കഴിഞ്ഞ രണ്ടു മാസമായി ചില ആളുകള്‍ എന്നെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവരോട് പറയാന്‍ ആഗ്രഹമുണ്ട് 'ടൈഗര്‍ അഭി സിന്ദാ ഹേ' (കടുവ ഇപ്പോഴും ജീവനോടെയുണ്ട്)' സിന്ധ്യ പറഞ്ഞു.
സിന്ധ്യ അനുയായികളായ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെവീണത്. രണ്ട് എംഎല്‍എമാര്‍ മരിച്ചതടക്കം മധ്യപ്രദേശിലെ 24 നിയമസഭാ സീറ്റുകളിലേക്ക് സെപ്റ്റംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
ശിവ് രാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരില്‍ ഇന്നലെ 34 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 11 കാബിനറ്റ് മന്ത്രിമാര്‍ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് വന്നവരാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ മൂന്ന് പേര്‍ ഏപ്രിലില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ സിന്ധ്യ അനുകൂലികളായ പേര്‍ 14 മന്ത്രിമാരായി. കമല്‍നാഥ് സര്‍ക്കാരില്‍ ആറ് മന്ത്രിമാര്‍ മാത്രമാണ് സിന്ധ്യ അനുകൂലികളായി ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോഴുള്ള 14 മന്ത്രിമാരേയും ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്നുള്ളതാണ് സിന്ധ്യക്കും ബിജെപിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. 'എല്ലാ തിരഞ്ഞെടുപ്പുകളും ഒരു വെല്ലവിളിയാണ്. എന്നാല്‍ മധ്യപ്രദേശിലെ ജനങ്ങള്‍ ഏറെ വിവരമുള്ളവരാണ്. 15 മാസത്തെ കോണ്‍ഗ്രസ് ഭരണം എല്ലാത്തരം അഴിമതികളും വാഗ്ദാന ലംഘനങ്ങളും കണ്ടു. ഇപ്പോള്‍ നമുക്ക് ശിവ്‌രാജ് സിങ് ചൗഹാന്‍ നയിക്കുന്ന ഒരു സര്‍ക്കാരുണ്ട്. അദ്ദേഹം എപ്പോഴും പൊതുസേവനത്തില്‍ മാത്രം വിശ്വസിക്കുന്നു. 24 സീറ്റിലും വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്'.
Content Highligts: "Tiger Zinda Hai", Quips Jyotiraditya Scindia After Madhya Pradesh "Win
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..