ന്യൂഡല്‍ഹി:  മൃഗങ്ങള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണത്തിന്റെ ലഭ്യതയും അനുയോജ്യമായ സാഹചര്യവും തേടി സഞ്ചരിക്കാരുണ്ട്. എന്നാല്‍ ഇണയെ തേടി ഒരു കടുവ സഞ്ചരിച്ചത്  2,000 കിലോമീറ്റര്‍ ദൂരമാണ്.  മഹാരാഷ്ട്രയിലെ ടിപേശ്വര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള കടുവയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാന്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി കടുവയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയതെന്നും പര്‍വീണ്‍ കസ്വാന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. കനാലുകള്‍, കാടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നുവേണ്ട വിവിധ മാര്‍ഗങ്ങള്‍ കടന്ന് 2000 കിലോമീറ്ററുകള്‍ കറങ്ങിയാണ് കടുവ ജ്ഞാന്‍ഗംഗ വനത്തിലെത്തിയതെന്നും ഇദ്ദേഹം പറയുന്നു.

2019 മാര്‍ച്ചില്‍ കടുവയെ റേഡിയോ ടാഗ് ചെയ്തിരുന്നു. കൂടാതെ ജിപിഎസ് ട്രാക്കറും കടുവയുടെ ശരീരത്തില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചതെന്ന് പര്‍വീണ്‍ കസ്വാന്‍ പറയുന്നു. 

പകല്‍ സമയങ്ങളില്‍ വിശ്രമിച്ച് രാത്രികാലങ്ങളിലാണ് കടുവ യാത്ര നടത്തിയിരുന്നത്. ഇത്രദൂരം സഞ്ചരിച്ചിട്ടും ഇതിന്റെ സഞ്ചാര പാതയില്‍ ഒരിടത്തുപോലും മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടുമില്ല. 

കടുവ ഇപ്പോഴും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്തിയോ എന്ന് വ്യക്തമല്ല. എങ്കിലും അതിനെ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. 

Content Highlights: Tiger walks 2000km in search of a partner