മുംബൈ: പാലത്തില്‍ നിന്ന് കടുവ ചാടിയത് നദിയിലേക്ക്. പക്ഷേ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വീണ് അത്‌ വൈകാതെ ചത്തു. 35 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടത്തില്‍ പാറകളില്‍ തട്ടി വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റതിനാലാണ്‌ കടുവ പാറകള്‍ക്കിടയില്‍ ചലിക്കാനാകാതെ കാണപ്പെട്ടത്‌.

മഹാരാഷ്ട്രയിലെ ചന്ദ്രപുരിന് സമീപം സിര്‍ണ നദിയിലാണ് കടുവയെ കണ്ടെത്തിയത്. ഇരയെ പിടിച്ച് ഭക്ഷിച്ച ശേഷം വെള്ളത്തിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്‌. പരിക്കേറ്റ നിലയിലായതിനാല്‍ കടുവ ആക്രമിക്കാനിടയുണ്ടെന്ന സംശയത്താല്‍ അതിന് സമീപത്തേക്ക് പോകാന്‍ പലരും മടിച്ചു.

കടുവയെ രക്ഷിക്കുന്നതിന്റെ ഭാഗമായി സമീപം കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ അതില്‍ കയറാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അടുത്ത് സ്ഥാപിച്ച കൂട് തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അവശനായിത്തീര്‍ന്നെന്ന് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എ വി രാമറാവു അറിയിച്ചു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരക്ഷതമേറ്റത് കൊണ്ടാണ് കടുവയ്ക്ക് അനങ്ങാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം. 

കടുവയുടെ വിവരം ലഭിച്ചയുടനെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും രാത്രിയിലെ വെളിച്ചക്കുറവ്  രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാത്രിയില്‍ കടുവയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ കടുവ ചത്തു.

 

Content Highlights: Tiger Trapped In Rocks After Jumping 35 Feet Into Maharashtra River Dies