ന്യജീവിസങ്കേതം സന്ദര്‍ശിക്കുന്നതിനിടെ കടുവയോ പുലിയോ മുന്നിലെത്തിയാല്‍ ഭയം തോന്നിയാലും അമ്പരപ്പും സന്തോഷവും ഉള്ളിലുണ്ടാകുമെന്നത് നേര്. എന്നാല്‍ രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിലെത്തിയ സന്ദര്‍ശക സംഘത്തിന്റെ മുന്നിലെത്തിയ കടുവ അവരെ പിന്തുടര്‍ന്നത് ഒരിക്കലും മറക്കാനാകാത്ത സംഭവമായി.

സവായ് മാധോപുരിലെ രണ്‍ഥാംഭോര്‍ ദേശീയ ഉദ്യാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തിന് കടുവയെ കാണാനുള്ള സന്ദര്‍ഭം ലഭിച്ചു. കടുവയുടെ ഫോട്ടോ പകര്‍ത്തി  സഫാരിക്കെത്തിയ വാഹനം നീങ്ങാന്‍ തുടങ്ങിപ്പോഴാണ് ഒന്നനങ്ങാതെ നിന്ന ശേഷം കടുവ വാഹനത്തെ പിന്തുടര്‍ന്ന് ഓടാനാരംഭിച്ചത്. 

വാഹനത്തിന് സമാന്തരമായി കടുവ നീങ്ങി. ഡ്രൈവര്‍ വേഗത വര്‍ധിപ്പിച്ചതോടെ കടുവയും സ്പീഡ് കൂട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഡ്രൈവര്‍ ഉടനെ മറ്റൊരു നീക്കം നടത്തി. വാഹനം ഒന്ന് നിര്‍ത്തി പുറകിലേക്ക് ഓടിച്ചു. ഒന്നമ്പരന്ന കടുവ പിന്‍വാങ്ങിയെന്നാണ് വിവരം. 

എഎന്‍ഐ  ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുമായെത്തി. അധികം പേരും കടുവയ്ക്ക് അനുകൂലമായാണ് കമന്റ് ചെയ്തത്. 

 

Content Highlights: Tiger Chases Tourist Vehicle In Ranthambore National Park