പുലിയുടെ ആക്രമണത്തിൽ മരിച്ച മഞ്ജു
മൈസൂരു: പുലിയുടെ ആക്രമണത്തില്‍ വിറച്ച് മൈസൂരു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹോരലഹള്ളി ഗ്രാമവാസിയായ ജയന്ത്(11), ബെല്ലിഹഡിനിവാസി മഞ്ജു(18), കനനായകനഹള്ളി സ്വദേശി സിദ്ധമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിനകം മൂന്ന് മരണമുണ്ടായിട്ടും പുലിയെ പിടിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ശനിയാഴ്ച രാത്രി വീടിനുസമീപത്തെ കടയിൽ ബിസ്കറ്റ് വാങ്ങാൻപോയ ജയന്തിനെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടനിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. പുള്ളിപ്പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് മൈസൂരു ചീഫ് കൺസർവേറ്റർ മാലതി പ്രിയ സ്ഥിരീകരിച്ചു.
സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് പുലിക്കായി വനപാലകർ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു മഞ്ജുവിനെ പുലി ആക്രമിച്ചത്. റോഡിലൂടെ നടക്കവേ അപ്രതീക്ഷിതമായി കടുവ ആക്രമിക്കുകയായിരുന്നു. കടുവയെ കണ്ടയുടൻ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. കടുവ മഞ്ജുവിന്റെ ശരീരം വനത്തിലേക്ക് 15 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് നാട്ടുകാരെത്തി ബഹളമുണ്ടാക്കിയപ്പോൾ കടുവ വനത്തിനുള്ളിലേക്ക് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൂന്ന പേർ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടപടികൾ ഊർജിതമാക്കി. ഇതിന്റെഭാഗമായി ഹോരലഹള്ളിയിൽ താത്കാലിക ക്യാമ്പ് സജ്ജമാക്കി തിരച്ചിലിനായി വിവിധസംഘങ്ങളെ നിയോഗിച്ചു. രണ്ട് കെണികളും 15 ക്യാമറകളും സ്ഥാപിച്ചു. പ്രദേശത്തുനിന്ന് പുലിയുടെ കാൽപ്പാടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച കൊല്ലപ്പെട്ട സിദ്ധമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വനംവകുപ്പ് രണ്ടുലക്ഷം രൂപ കൈമാറി. ശേഷിക്കുന്ന 13 ലക്ഷംരൂപ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയശേഷം നൽകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 30-നും ഡിസംബർ ഒന്നിനും നർസിപുരിലുണ്ടായ പുലിയുടെ ആക്രമണങ്ങളിൽ രണ്ട് കോളേജ് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.
Content Highlights: Tiger attack at mysuru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..