ഭുവനേശ്വര്‍: എനിക്കു നേരെ മുട്ടകള്‍ എറിഞ്ഞാല്‍, അതുവെച്ച് ഞാന്‍ ഓംലെറ്റ് ഉണ്ടാക്കും...പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണത്തോട് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പ്രതികരിച്ചത് ഈ വാക്കുകളിലൂടെ. ബംഗാളില്‍ നിന്നുള്ള ബിജെപി എംപിയുടെ പ്രതികരണം കോണ്‍ഗ്രസിനോടും ബിജെഡിയോടുമാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒഡീഷയിലെ കേന്ദ്രപര ജില്ലയില്‍ ബിജെഡി പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിലേക്ക് മുട്ട എറിയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ചെയ്തു. മഹാനദി ജലതര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിയുടെ സന്ദര്‍ശനത്തോട് എതിര്‍പ്പുമായി രംഗത്തുവന്നവരാണ് അവര്‍.

ബിജെഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്കു നേരെ മുട്ടയെറിഞ്ഞതായി കേട്ടു. ഞാനൊരു സസ്യാഹാരിയല്ല. ഞാന്‍ അവ ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കും - സുപ്രിയോയുടെ വാക്കുകള്‍ ഇങ്ങനെ.

ഒഡീഷയിലും മോശം രാഷ്ട്രീയസാഹചര്യമുള്ള പശ്ചിമബംഗാളില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കുമെന്നെ ഇവിടെ ഭയപ്പെടുത്താനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനാണ് കോണ്‍ഗ്രസും ബിജെഡിയും ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും സുപ്രിയോ ആരോപിച്ചു.