ന്യൂഡൽഹി: മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ നല്‍കിയതായി സൂചന. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി. ടി രവികുമാറിനെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ട്.
തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന മറ്റ് വനിതകള്‍ . കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തതായാണ് സൂചന.
മദ്രാസ് ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് എം. എം സുന്ദരേഷ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ് നരസിംഹ എന്നിവരുടെ പേരുകളും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.
കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് ഇടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷി എന്നിവരുടെ പേരുകള്‍ ആദ്യം ശുപാര്‍ശ ചെയ്യണമെന്ന നിലപാട് കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനോട് കൊളീജിയത്തിലെ മറ്റ് പലരും വിയോജിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കാന്‍ കഴിയാതെ വന്നത്. നിലവില്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശയില്‍ ജസ്റ്റിസ് അഖില്‍ ഖുറേഷിയുടെ പേരില്ല എന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ സി. ടി രവികുമാര്‍, 1986 ലാണ് കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്. ഗവണ്‍മെന്റ് പ്ലീഡറായും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായും പ്രവര്‍ത്തിച്ചിട്ടുള്ള രവികുമാറിനെ 2009 ല്‍ ആണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2025 വരെ സുപ്രീം കോടതി ജഡ്ജി ആയി തുടരും.
1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആക്കാന്‍ സാധ്യത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..