ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിആര്‍എസ്(തെലങ്കാന രാഷ്ട്രസമിതി) എംഎല്‍എമാരായ യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവരുടെ സ്രവപരിശോധനാഫലമാണ് പോസിറ്റീവ് ആയത്. 

ജനഗാവില്‍ നിന്നുള്ള എംഎല്‍എ ആണ് യാദ്ഗിരി റെഡ്ഡി. നിസാമാബാദ് റൂറലില്‍ നിന്നുള്ള എംഎല്‍എ ആയ ബാജിറെഡ്ഡിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമാബാദ് അര്‍ബനിലെ എംഎല്‍എ ആണ് ബിഗല ഗണേഷ് ഗുപ്ത. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. 

തെലങ്കാനയില്‍ കഴിഞ്ഞദിവസം 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 60 ആയി. 

തെലങ്കാനയില്‍ ഇതുവരെ 4737 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 182 പേര്‍ രോഗം ബാധിച്ച് മരിച്ചു. 2352 പേര്‍ രോഗമുക്തി നേടി. 

Content Highlights: Three TRS MLA from Telangana Tests Positive for Covid-19