ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് തീവ്രവാദികള്‍ പിടിയിലായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വസിറാബാദില്‍ നടന്ന ഏറ്റുമുട്ടിലിനൊടുവില്‍ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. 

ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. സംശയാദ്പദമായ വസ്തുക്കളും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോധി കോളനിയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സെല്‍ ടീം ഇവരെ ചോദ്യം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിവരുകയാണ്. 

സോഷ്യല്‍ മീഡിയ വഴി ഒരു വിദേശ കേന്ദ്രം ഇവരെ നിയന്ത്രിച്ചിരുന്നതായും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. 

Content Highlight; Three terrorists arrested by Delhi Police