ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു. 

ഇലക്ട്രോണിക് മീഡിയ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാര്‍ഥിനി കാര്‍ത്തിക, പിഎച്ച്ഡി വിദ്യാര്‍ഥികളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചത്. 

കോഴിക്കോട് സ്വദേശിയായ റബീഹ എന്ന വിദ്യാര്‍ഥിനി സ്വര്‍ണമെഡല്‍ വാങ്ങാതെയാണ് പ്രതിഷേധമറിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യപ്പെട്ട് സ്വര്‍ണമെഡല്‍ വാങ്ങുന്നില്ലെന്നായിരുന്നു റബീഹ വേദിയില്‍ കയറി പറഞ്ഞത്. രാഷ്ട്രപതി വരുന്നതിന് മുമ്പ് തന്നെ ചടങ്ങ് നടക്കുന്ന ഹാളില്‍നിന്ന് പുറത്താക്കിയതായും റബീഹ പരാതിപ്പെട്ടു. ഹിജാബ് ധരിച്ചതിന്റെ പേരിലാണ് പുറത്താക്കിയതെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടെങ്കിലും ഇക്കാര്യം റബീഹ നിഷേധിച്ചു. ആരും ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ പുറത്താക്കിയതിന്റെ കാരണം തനിക്കറിയില്ലെന്നും അവര്‍ പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏതാനും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലും സമ്മാനിച്ച ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സര്‍വകലാശാലയില്‍നിന്ന് മടങ്ങിയിരുന്നു. ഇതിനുശേഷം വൈസ് ചാന്‍സലറാണ് ബിരുദ ദാന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും നല്‍കിയത്. ഇവരില്‍നിന്നാണ് റബീഹ മെഡല്‍ നിരസിച്ചത്.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാറാലി സംഘടിപ്പിച്ചു. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നിരവധിപേര്‍ അണിനിരന്നു. 

Content Highlights: three students boycotted pondicherry university convocation programme