ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു. 

കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. 

ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒറ്റക്കക്ഷിയായാണ് കോടതിയെ സമീപിക്കുക. ഇവര്‍ അടുത്ത ദിവസം തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. 

എന്നാല്‍ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും നല്‍കേണ്ടതില്ലെന്നും എന്നിങ്ങനെ രണ്ട് അഭിപ്രായമാണ് സുന്നി വഖഫ് ബോര്‍ഡില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

26ന് ലഖ്‌നൗവില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ യോഗം ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക.

പുനഃപരിശോധനാ ഹര്‍ജി വേണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം ഇവയാണ്- 1949  ഡിസംബറിലാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. 1991ല്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിസഹമല്ലെന്നാണ് ഇവരുടെ വാദം. പള്ളി നിര്‍മിക്കാന്‍ നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

content highlights: three muslim parties to file review plea in ayodhya case verdict