ശ്രീനഗര്‍: ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മാറിയെന്നാരോപിച്ച് മൂന്ന് നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ദമാന്‍ ഭാസിന്‍. ഫല്ലെയ്ല്‍ സിങ്, പ്രീതം കോട്വാള്‍ എന്നിവരാണ് രാജിവച്ചത്. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബെഹ്ബൂബ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മൂന്ന് നേതാക്കള്‍ ഒരു മാസം മുമ്പ് പിഡിപി വിട്ടിരുന്നു. പിന്നാലെയാണ് മൂന്ന് നേതാക്കള്‍കൂടി രാജിവച്ചിട്ടുള്ളത്.
അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മതനിരപേക്ഷ ബദലായി പിഡിപിയെ കണ്ടാണ് ഇത്രയും കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയവും വിഭാഗീയവുമായ നീക്കങ്ങളെ തടയാനുള്ള കഴിവ് മുഫ്തി മുഹമ്മദ് സയീദിന് ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി പിഡിപി മാറി. അതിനു പുറമെ പാര്‍ട്ടിയുടെ സ്ഥാപക നേതാവിന്റെ ആദര്‍ശത്തിന് നിരക്കാത്ത തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടായി. മുഫ്തി മുഹമ്മദ് സയീദിന്റെ അനുയായികളായ തങ്ങള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി മാറിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനം വളരെ ബുദ്ധിമുട്ടിയാണ് എടുത്തതെന്നും നേതാക്കള്‍ രാജിക്കത്തില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവര്‍ പിഡിപിയില്‍നിന്ന് രാജിവച്ചിരുന്നു. മെഹ്ബൂബ മുഫ്തി നടത്തിയ ചില വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ദേശസ്‌നേഹ വികാരങ്ങളെ വൃണപ്പെടുത്തുന്നതായിരുന്നു മെഹ്ബൂബയുടെ പരാമര്‍ശമെന്നും രാജിവച്ച നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് പുനഃസ്ഥാപിക്കുകയും കശ്മീരിന്റെ പതാക തിരിച്ചു നല്‍കുകയും ചെയ്യാതെ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന് മെഹ്ബൂബ പറഞ്ഞതിന് പിന്നാലെയാണ് മൂന്ന് നേതാക്കള്‍ ഒക്ടോബറില്‍ പിഡിപിയില്‍നിന്ന് രാജിവച്ചത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനില്‍ പിഡിപിയും ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് മൂന്ന് നേതാക്കളുടെ ഇപ്പോഴത്തെ രാജി.
Content Highlights: Three more PDP leaders quit party