ജിഗ്നേഷ് മേവാനി |ഫോട്ടോ:PTI
മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയില്‍ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് ശിക്ഷ. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം. മേവാനിയുടെ സഹപ്രവര്‍ത്തകനായ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. മേവാനി സ്ഥാപിച്ച സംഘടനയാണിത്.
മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മേവാനി അടക്കമുള്ളവര്‍ക്കെതിരെ മെഹ്സാന പോലീസാണ് അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ അദ്ദേഹം ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തെ പിന്നീട് പ്രത്യേകം വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
Content Highlights: Jignesh Mevani 3 months imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..