ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് മൂന്ന് നേതാക്കള്‍ മെഹ്ബൂബയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യില്‍നിന്ന് രാജിവച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ഇനി ദേശീയ പതാക ഉയര്‍ത്തില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ മെഹ്ബൂബ അടുത്തിടെ നടത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശസ്‌നേഹത്തെ മുറിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് നേതാക്കളും രാജിവച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പിഡിപിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മൂവരും രാജിക്കത്ത് അയച്ചു. മെഹ്ബൂബയുടെ ചില നടപടികളോടും ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലെന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ 370-ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ആയിരുന്നു നടപടി. 14 മാസം വീട്ടുതടങ്കലില്‍ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെയാണ് മോചിപ്പിച്ചത്.
ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്ത കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ദേശീയ പതാക ഉയര്‍ത്തുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് അവര്‍ അടുത്തിടെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനെ കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച അവര്‍ ജമ്മു കശ്മീരിന്റെ പഴയ പതാക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മെഹ്ബൂബ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി കശ്മീരില്‍ പതാകാ മാര്‍ച്ച് നടത്തിയിരുന്നു. ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളില്‍ ദേശീയ പതാകയും വഹിച്ചായിരുന്നു ബിജെപിയുടെ മാര്‍ച്ച്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ രൂപവത്കരിച്ച 'പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍' എന്ന മുന്നണിയില്‍ മെഹ്ബൂബയുടെ പാര്‍ട്ടിയും അംഗമാണ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: Three leaders quit Mehbooba Mufti's party over her remarks