ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ട്രാളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ട്രാലിൽ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ളവരാണ് ഈ ഭീകരവാദികളെന്ന് പോലീസ് പറഞ്ഞു.

ഒരു ദിവസം മുമ്പ്, രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ വീരമൃത്യു വരിച്ചിരുന്നു. ആ സംഭവത്തില്‍ ഒരു ഭീകരനേയും വധിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച ജെ & കെ അപ്നി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് തീവ്രവാദികള്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ചു കൊന്നിരുന്നു.

content highlights: Three Jaish Terrorists Killed In Encounter In Jammu And Kashmir