ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്‌. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. 

കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിയമങ്ങളെ എതിര്‍ത്ത കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.

Read More: ഇന്നോളമില്ലാത്ത സമരം, എള്ളോളമണയാത്ത വീര്യം | മഹാസമരത്തിന്റെ തീയാളിയ നാൾവഴി

Read More: മുട്ടുകുത്തിച്ച് കര്‍ഷകന്റെ സമരവീര്യം; സര്‍ക്കാരിന്റെ കീഴടങ്ങല്‍ ഗത്യന്തരമില്ലാതെ

Read More: കര്‍ഷക സഹനത്തിനുമേല്‍ പാഞ്ഞുകയറിയത് അഹന്തയുടെ ബുള്‍ഡോസർ; സര്‍ക്കാരിന് ലഖിംപുരിലും പിഴച്ചു

Read More: എങ്ങനെയാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത്, എന്തൊക്കെയാണ് നടപടിക്രമങ്ങള്‍?

തത്സമയ വിവരങ്ങള്‍ താഴെ വായിക്കാം...

Content highlights: Three farm laws to be rolled back, says PM Modi