റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 14 സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്‌ഫോടനം നടന്നത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍മായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍നിന്ന് അഞ്ച് മാവോവാദികള്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് മാവോവാദികള്‍ സ്‌ഫോടനം നടത്തിയത്. 2015 ല്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന മാവോവാദികള്‍ അടക്കമുള്ളവരെയാണ് സുരക്ഷാസേനയുടെ പ്രത്യേക സംഘങ്ങള്‍ പിടികൂടിയത്. ബിജാപുര്‍ ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍നിന്നാണ് ഇവര്‍  കഴിഞ്ഞ ദിവസം പിടിയിലായത്. 

ഛത്തീസ്ഗഢിലെ ബസ്തറില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 ന് മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.

Content Highlights: Three DRG jawans and one police personnel lost their lives in an IED blast in Chhattisgarh