ശ്രീനഗര്‍: കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലും വെടിവെപ്പിലും മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കുപ്വാര, ടാങ്ധര്‍, കേര്‍നി എന്നീ മേഖലകളിലാണ് വെടിവെപ്പുണ്ടായത്. 

ജവീദ് ഖാന്‍, റസൂല്‍ ഖാന്‍, റെദി ചൗകിബാല് എന്നിവരാണ് കൊല്ലപ്പെട്ടത്. കെര്‍നി മേഖലയില്‍ പ്രദേശവാസിയായ സ്ത്രീക്ക് പരിക്കേറ്റു. 

ഞായറാഴ്ച ഉച്ചയോടെയാണ് പാക് സൈന്യം ഷെല്‍ ആക്രമണവും വെടിയുതിര്‍ക്കലും ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പോസ്റ്റുകളായ ഷരാറാത്ത്, ബ്ലാക്ക് റോക്ക്, അനില്‍ എന്നിവയ്ക്ക് നേരെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടിയില്‍ പാകിസ്താന്റെ നിരവധി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ഈ വര്‍ഷം മാത്രം 2000 തവണയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Three civilians killed in J&K as Pakistan once again violates ceasefire, Indian Army retaliates