ന്യൂഡല്‍ഹി: എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്ന് വന്‍തുക അനധികൃതമായി പിന്‍വലിക്കാന്‍ ശ്രമിച്ചതിന് മൂന്ന് ബാങ്ക് ജീവനക്കരടക്കം 12 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരാണ് പിടിയിലായത്. അറസ്റ്റിലേക്ക് നയിച്ചതും ബാങ്കിന്റെ പരാതിയാണ്‌.

യുഎസിലുള്ള എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ട് ഉടമയുടെ വ്യാജ സിംകാര്‍ഡും ചെക്ക്ബുക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. 66 തവണയാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സംഘം ശ്രമം നടത്തിയത്. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയാണ് പണം പിന്‍വലിക്കാനുള്ള ശ്രമം നടത്തിയതെന്ന് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തി.

വ്യാജ മൊബൈല്‍ നമ്പറും ചെക്ക് ബുക്കും

യുഎസില്‍ താമസിക്കുന്ന അക്കൗണ്ട് ഉടമ കെ.വൈ.സി.രേഖകള്‍ക്കൊപ്പം നല്‍കിയ മൊബൈല്‍ നമ്പറിന്റെ വ്യാജ സിംകാര്‍ഡ് ഇവര്‍ സംഘടിപ്പിച്ചിരുന്നു. എന്‍.ആര്‍.ഐ അക്കൗണ്ടില്‍ അനധികൃത ഇന്റര്‍നെറ്റ് ബാങ്കിങ് ശ്രദ്ധയില്‍പ്പെട്ടതോടെ എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ സൈബര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കൂടാതെ വ്യാജ ചെക്ക് ബുക്ക് ഉപയോഗിച്ചും അതേ അക്കൗണ്ടില്‍ നിന്ന് സംഘം പണം പിന്‍വലിക്കാന്‍ ശ്രമം നടത്തുകയുണ്ടായി. അക്കൗണ്ട് ഉടമയുടെ രേഖകളിലെ യുഎസ് നമ്പറിന് പകരം ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും ശ്രമമുണ്ടായി. 

ഇത്തരത്തില്‍ നിരവധി അനധികൃത ലോഗിന്‍ നടന്നതോടെയാണ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് സാങ്കേതിക തെളിവുകളും വിരലടയാളവും പരിശോധിച്ച് പ്രതികളിലേക്കെത്തിച്ചേര്‍ന്നത്. 

ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയാണ് 12 അംഗ സംഘത്തെ പിടികൂടിയത്. മരവിപ്പിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കല്‍, മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്ത് നല്‍കല്‍. ചെക്ക് ബുക്ക് നല്‍കല്‍ തുടങ്ങിയ സഹായങ്ങള്‍ നല്‍കിയതിനാണ് മൂന്ന് ബാങ്ക് ജീവനക്കാര്‍ പിടിയിലായത്.

ബാങ്ക് ജീവനക്കാരുടെ പങ്ക്

നിഷ്‌ക്രിയമായി കിടക്കുന്ന ഒരു എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുകയുടെ നിക്ഷേപമുണ്ടെന്ന് അറിഞ്ഞ തട്ടിപ്പിന്റെ സൂത്രധാരന്‍ റിലേഷന്‍ഷിപ്പ് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന വനിതാ ബാങ്ക് ജീവനക്കാരിയുടെ സഹായം തേടുകയായിരുന്നു. വനിതാ ജീവനക്കാരി ചെക്ക് ബുക്ക് നല്‍കുകയും മരവിപ്പിച്ച അക്കൗണ്ട് പുനഃസ്ഥാപിച്ച് നല്‍കുകയും ചെയ്തു.

10 ലക്ഷം രൂപയും 15 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ഇടപാടുമാണ് ജീവനക്കാരിക്ക് തട്ടിപ്പ് സൂത്രധാരന്‍ വാഗ്ദ്ധാനം ചെയ്തിരുന്നത്. ബാങ്കിലെ തന്റെ അപ്രൈസല്‍ ഉറപ്പുവരുത്തുന്നതിനാണ് ജീവനക്കാരി ഇന്‍ഷൂറന്‍സ് ഇടപാട് ആവശ്യപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്ത് ഇന്റര്‍നെറ്റ് ബാങ്കിലൂടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചതിനാണ് മറ്റു രണ്ടു ബാങ്ക് ജീവനക്കാര്‍ അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി