അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി. 

കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു. 

അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.