ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് നടക്കുമ്പോഴുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 
144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഒക്ടോബര്‍ 8 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂഡല്‍ഹിയിലെ പത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ഇതിന്റെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നതും പൊതു പരിപാടികള്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്.
 
ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രാകേഷ് ടികായിത് നയിക്കുന്ന കിസാന്‍ ക്രാന്തി യാത്ര ഹരിദ്വാറില്‍ നിന്നാണ് ആരംഭിച്ചത്. മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് അണിനിരന്നിട്ടുള്ളത്. 
 
മാര്‍ച്ചില്‍ നൂറുകണക്കിന് ട്രാക്ടറുകളും വാഹനങ്ങളും അണിനിരക്കുന്നുണ്ട്. മാര്‍ച്ച് നഗരത്തില്‍ പ്രവേശിക്കുന്നതോടെ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാവുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് സിങ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
 
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളല്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ ക്രാന്തി യാത്ര രാജ്യ തലസ്ഥാനത്തെത്തുന്നത്.
content highlights: Thousands Of Farmers To March To Delhi Today