പട്‌ന: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ ചൊവ്വാഴ്ച നടന്ന രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കര്‍ഷകര്‍. ഇതേ ആവശ്യമുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കു ചേരുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. 

പട്‌നയിലെ ഗാന്ധി മൈദാനില്‍ നിന്നാരംഭിച്ച പ്രകടനം ദാക്ക് ബംഗ്ലാവ് ചൗക്കില്‍ ബാരിക്കേഡുകളും ബാറ്റണുകളുമായി പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 

പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ ദേശീയപാതകള്‍ക്ക് സമീപം ഒരു മാസക്കാലമായി സമരം തുടരുന്നത്. കര്‍ഷകരുടെ മേല്‍ കുത്തക കമ്പനികള്‍ ആധിപത്യം സ്ഥാപിക്കാന്‍ പുതിയ നിയമങ്ങള്‍ വഴിതെളിക്കുമെന്നും തങ്ങളുടെ വരുമാനം നഷ്ടമാകുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. എന്നാല്‍ കര്‍ഷകക്ഷേമത്തിനുള്ളതാണ് പുതിയ നിയമങ്ങളെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 

Content Highlights: Thousands March To Governor's House In Patna, Demand Farm Laws Scrapped