എൻ. റാം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ബി.ബി.സി. ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡ് തികഞ്ഞ തെമ്മാടിത്തമാണെന്ന് 'ദ ഹിന്ദു' മുന്‍ പത്രാധിപരും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകരിലൊരാളുമായ എന്‍. റാം. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് റാം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍നിന്ന്:
ഡല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി. ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയതായുള്ള വാര്‍ത്തകളോട് താങ്കളുടെ പ്രതികരണം എന്താണ്?
തെറ്റുകളുടെ അസംബന്ധം (Comedy of errors) എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്. ടാക്സ് സര്‍വ്വെ എന്നാണ് ആദായ നികുതി വകുപ്പുകാര്‍ പറയുന്നത്. ആരെ പറ്റിക്കാനാണ് ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്? മോദിയെയും ഇന്ത്യയെയും കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സാമൂഹ്യമാദ്ധ്യമങ്ങളില്‍ തടഞ്ഞതിന് പിന്നാലെയാണ് ഈ റെയ്ഡ് വരുന്നത്. ബി.ബി.സി. ഡോക്യുമെന്ററി സുപ്രീം കോടതിയെ ഇടിച്ചുതാഴ്ത്തുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ കുറ്റെപ്പടുത്തിയത്. ബി.ബി.സിക്ക് കൊളോണിയല്‍ മാനസികാവസ്ഥയാണെന്നും ആരോപണമുണ്ടായി. അപ്പോള്‍ പിന്നെ ടാക്സ് സര്‍വ്വെ എന്നൊക്കെ പറയുന്നതുകൊണ്ട് ആരെയെങ്കിലും പറ്റിക്കാനാവുമോ? ഇന്ത്യ ജി 20-ന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കെയാണ് ഈ റെയ്ഡെന്നത് കുറച്ച് അമ്പരപ്പിക്കുന്നതാണ്. ബി.ബി.സി. ഒരു സുതാര്യ സ്ഥാപനമാണ്. ഇംഗ്ളണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസന്‍സ് ഫീയാണ് ബി.ബി.സിയുടെ മുഖ്യ വരുമാന മാര്‍ഗ്ഗം. തെമ്മാടിത്തം എന്ന് മാത്രമേ ഈ റെയ്ഡിനെ വിളിക്കാനാവൂ.
കേന്ദ്ര സര്‍ക്കാരിനോ നിയമങ്ങള്‍ നടപ്പാക്കുന്ന ഏജന്‍സികള്‍ക്കോ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു തരത്തിലുമുള്ള ആശങ്കയുമില്ലെന്ന് തോന്നുന്നു. ലോകം ഇത്തരം പ്രവൃത്തികള്‍ എങ്ങിനെയാണ് കണുകയെന്ന് അവര്‍ ചിന്തിക്കുന്നതുപോലുമില്ല. താങ്കള്‍ക്ക് എന്ത് തോന്നുന്നു?
ശരിയാണ്. ഗ്രീക്ക് തത്വശാസ്ത്രത്തില്‍ ഇതിനെ 'അക്രെയ്സിയ' (Akrasia) എന്നാണ് വിളിക്കുന്നത്. നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഗുണവും ചെയ്യില്ല എന്ന് നിങ്ങള്‍ക്കറിയാം. എന്നിട്ടും നിങ്ങള്‍ അത് ചെയ്യുന്നു. ഈ അവസ്ഥയാണ് അക്രെയ്സിയ. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് സോക്രട്ടീസും അരിസ്റ്റോട്ടിലും അടക്കമുള്ളവര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഇന്നിപ്പോള്‍ ബി.ബി.സി. ഓഫീസുകളില്‍ നടന്ന റെയ്ഡ് അക്രെയ്സിയയുടെ ഒന്നാന്തരം ഉദാഹരണമാണ്.
ഇവര്‍ക്കാരേയും ഒന്നിനേയും പേടിയില്ല. എതിരാളികളെ പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ഇവരെ നയിക്കുന്നതെന്ന് തോന്നുന്നു. ശരിയാണോ?
തീര്‍ച്ചയായും. പക്ഷേ, ആരെ എന്ത് പാഠമാണ് ഇവര്‍ പഠിപ്പിക്കാന്‍ നോക്കുന്നത്? ഇവരെ പേടിക്കേണ്ട കാര്യം ബി.ബി.സിക്കില്ല. ബി.ബി.സി. ഓഫിസുകള്‍ അടച്ചുപൂട്ടാമെന്ന് ഇവര്‍ കരുതുന്നുണ്ടോ എന്നറിയില്ല. അങ്ങിനെ സംഭവിച്ചാല്‍ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി ബന്ധങ്ങള്‍ക്ക് എന്താണ് സംഭവിക്കുക? ബി.ബി.സി. സ്വയം ഭരണാധികാരമുള്ള, പൊതുജനങ്ങള്‍ നല്‍കുന്ന പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അവരെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്ന് ഭരണകൂടം കരുതുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് പറയേണ്ടിവരും.
വിനാശകാലേ വിപരീത ബുദ്ധി എന്നാണ് കോണ്‍ഗ്രസ് റെയ്ഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്?
അവര്‍ അങ്ങിനെ പറഞ്ഞോ? പറഞ്ഞെങ്കില്‍ ഗംഭീരമായി. ശരിക്കും ഉചിതമായ പ്രതികരണമാണത്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത വൃത്തികെട്ട നടപടിയാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം മുകുല്‍ കേശവന്‍ ' ദ ഗാര്‍ഡിയനില്‍ ' ഒരു ലേഖനം എഴുതിയിരുന്നു. നിങ്ങള്‍ നാട്ടിലുള്ളവരുടെ പ്രീതിക്കായി ഒരു കാര്യം ചെയ്യുന്നു, മറുനാട്ടിലുള്ളവരുടെ പ്രീതിക്കായി തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്നു ചെയ്യുന്നു. നാട്ടില്‍ ചെയ്യുന്നത് നിങ്ങളുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ക്കുമെന്നു തീര്‍ത്തും വിസ്മരിച്ചുകൊണ്ടുള്ള പ്രവൃത്തി. എന്തുകൊണ്ടാണിവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയാനാവില്ല. അത്രയും വിഡ്ഢിത്തമാണത്.
ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ബി.ബി.സിയെ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എന്ത് പറയുന്നു?
ഇതൊരു മഹാവൈരുദ്ധ്യമാണ്. ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയ വ്യാജ കമ്പനികളെക്കുറിച്ചാണ് ഈ ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്. അദാനി കുംഭകോണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ റെയ്ഡെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അങ്ങിനെ കരുതുന്നില്ല. അങ്ങനെ എളുപ്പത്തില്‍ ശ്രദ്ധ തിരിക്കാവുന്ന കുംഭകോണമല്ല അത്. അത് അത്രയും ഗൗരവതരമായ വിഷയമാണ്. മുറിക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആനയാണത്.
നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന ദുരവസ്ഥയുടെ പ്രതിഫലനം കൂടിയല്ലേ ഇത്?
സംശയമില്ല. നേരത്തെ എന്‍.ഡി.ടി.വിക്കും ഇന്‍ഡിപെന്റന്‍ഡ് ആന്റ് പബ്ളിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിനുമൊക്കെ എതിരെ ഇതേ ഏജന്‍സികള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
മോദിയുടെ ഇന്ത്യയെ കുറെക്കൂടി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ സംഭവം ലോക മാദ്ധ്യമങ്ങളെ പ്രേരിപ്പിക്കുമെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ഇപ്പോള്‍ തന്നെ ലോക മാദ്ധ്യമങ്ങള്‍ ഇന്ത്യയെ ഗൗരവപൂര്‍വ്വമാണ് സമീപിക്കുന്നത്. ബി.ബി.സി. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ന്യയോര്‍ക്ക് ടൈംസ് ഒരു എഡിറ്റോറിയല്‍ എഴുതിയിരുന്നു. പത്രസ്വാതന്ത്ര്യം ഇന്ത്യയില്‍ നേരിടുന്ന ഭീഷണികളിലേക്ക് വിരല്‍ചൂണ്ടുന്ന എഡിറ്റോറിയല്‍. മോദി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ കൃത്യമായി പരിശോധിക്കുന്ന എഡിറ്റോറിയല്‍. ബി.ബി.സി. ഓഫീസുകളിലെ റെയ്ഡ്, കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ വിനാശകാലത്തുള്ള വിപരീത ബുദ്ധിയെന്ന് തന്നെ പറയേണ്ടിവരും.
Content Highlights: Those who think they can teach the BBC a lesson are in Fool's paradise - N Ram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..