ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ട് ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് സോണിയാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളുടെ കത്ത് പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇക്കാര്യം പറഞ്ഞത്.
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തര്‍ ഒറ്റപ്പെടുത്തി വിമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍, കത്തുനല്‍കിയ മുതിര്‍ന്ന നേതാക്കളില്‍ പലരും വീണ്ടും പരസ്യ വിമര്‍ശവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വക്താവിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സോണിയ കേട്ടിരുന്നുവെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ തയ്യാറാണെന്നും സുര്‍ജേവാല പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും ആര്‍ക്കെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് സോണിയ ഗാന്ധിയെ നേരിട്ടുകണ്ട് സംസാരിക്കാമെന്ന് സുര്‍ജേവാല പറഞ്ഞു.
തങ്ങള്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുന്നതിന് പകരം കത്തുനല്‍കിയ സമയം ചൂണ്ടിക്കാട്ടി തങ്ങളെ ഒറ്റപ്പെടുത്താനാണ് ശ്രമം നടന്നതെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യങ്ങളാണ് 23 മുതിര്‍ന്ന നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചത്.
എന്നാല്‍, പാര്‍ട്ടിയില്‍ ആവശ്യമായ മറ്റങ്ങള്‍ വരുത്താന്‍ പ്രവര്‍ത്തക സമിതി യോഗം ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടി വേദിയില്‍ മാത്രം ഉന്നയിക്കണമെന്നും പൊതുവേദിയിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ ചര്‍ച്ച ചെയ്യരുതെന്നും നിര്‍ദ്ദേശിക്കുന്ന പ്രമേയം പ്രവര്‍ത്തക സമിതി യോഗം പാസാക്കി. പാര്‍ട്ടിയെ നയിക്കാന്‍ പ്രവര്‍ത്തക സമിതി യോഗം സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
Content Highlights: Those who still have a grudge are free to talk to Sonia: Cong
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..