പുണെ: റോഡുകളിലും പൊതു സ്ഥലങ്ങളിലും തുപ്പുന്നവര്‍ക്കെതിരെ ശക്തമായ നടപടിയിലേക്ക് കടന്നിരിക്കുകയാണ് പുണെ കോര്‍പറേഷന്‍ അധികൃതര്‍. പിഴ ചുമത്തുന്നതു കൂടാതെ റാഡില്‍ തുപ്പുന്നവരെക്കൊണ്ടുതന്നെ അത് വൃത്തിയാക്കിക്കും. പൊതു സ്ഥലത്ത് തുപ്പി മലിനമാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുകൊണ്ട് മാത്രം പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.

നിലവില്‍ കോര്‍പറേഷനിലെ അഞ്ച് വാര്‍ഡുകളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ 156 പേരെയാണ് കോര്‍പറേഷന്റെ ശുചിത്വ ഇന്‍സ്‌പെക്ടര്‍മാര്‍ പിടികൂടിയതെന്ന് കോര്‍പറേഷന്റെ ഖരമാലിന്യ നിര്‍മാര്‍ജന വിഭാഗം തലവന്‍ ജ്ഞാനേശ്വര്‍ മോലക് പറഞ്ഞു. ഇവരെക്കൊണ്ട് ഉടന്‍തന്നെ ഇത് വൃത്തിയാക്കിക്കുകയും 150 രൂപ വീതം പിഴ ചുമത്തുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

തെറ്റു ചെയ്യുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും ഒരു സന്ദേശം എന്ന നിലയ്ക്കാണ് ഇത്തരമൊരു ശിക്ഷാ നടപടിയിലേക്ക് കടന്നതെന്ന് ജ്ഞാനേശ്വര്‍ മോലക് പറഞ്ഞു. തുപ്പുന്നവരെക്കൊണ്ടുതന്നെ വൃത്തിയാക്കിക്കുമ്പോള്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കാതിരിക്കാര്‍ ഓരോരുത്തരം ശ്രദ്ധിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.