ബിലാസ്പൂര്‍ (ഛത്തീസ്ഗഢ്): കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നതെന്ന് ബിലാസ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പരിഹസിച്ചു.

അങ്ങനെയുള്ളവരാണ്‌ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എന്നോട്‌ ചോദിക്കുന്നത്. ഇതേ നോട്ട് നിരോധനം കാരണമാണ് ജാമ്യം തേടേണ്ടി വന്നതെന്ന കാര്യവും അവര്‍ മറന്നു-മോദി കുറ്റപ്പെടുത്തി.  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തില്‍ തന്നെയാണെന്നും മോദി ആരോപിച്ചു. 

കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ഛത്തീസ്ഗഢിലെ വികസന കാര്യങ്ങളില്‍ മെല്ലപ്പോക്കായിരുന്നുവെന്ന്‌ പറഞ്ഞ മോദി ബിജെപി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തിന്റെ വികസനം വേഗത്തിലായെന്ന് അവകാശപ്പെട്ടു. നവംബര്‍ 20നാണ് ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ബിജെപി എല്ലായ്‌പ്പോഴും വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വികസനകാര്യങ്ങളില്‍ പുലര്‍ത്തുന്ന ഉത്തരവാദിത്തം കാണുമ്പോള്‍ ബിജെപിയെ തിരഞ്ഞെടുപ്പില്‍ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.