ദുംക (ജാര്‍ഖണ്ഡ്): പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്നതിനിടെ അക്രമത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിന്റെ പേരില്‍ അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നു. സമാധാന മാര്‍ഗത്തിലൂടെയാണ് അവര്‍ പ്രതികരിക്കുന്നത്. അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണ്. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോടെ അവര്‍ കൊള്ളിവെപ്പ് നടത്തുന്നു.

പാര്‍ലമെന്റ് കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. യുവാക്കളെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദുംകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അസമില്‍ അക്രമം നിയന്ത്രണ വിധേയമായെന്നാണ് പോലീസ് അവകാശപ്പെടുന്നത്. അതിനിടെ, അക്രമ സംഭവങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ രണ്ടുപേര്‍കൂടി ഇന്ന് മരിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞു കയറിയ മുസ്‌ലിം വിഭാഗക്കാരാണ് പശ്ചിമ ബംഗാളില്‍ അക്രമം നടത്തുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Content Highlights: Those who are creating violence can be identified by their clothes - PM Narendra Modi