ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സാത്താന്‍കുളം സ്‌റ്റേഷനിലെ ഡി.എസ്.പി: സി. പ്രതാപന്‍, എ.ഡി.എസ്.പി.: ഡി. കുമാര്‍, പോലീസ് കോണ്‍സ്റ്റബിള്‍ മഹാരാജന്‍ എന്നിവരോടാണ് ഇന്നു രാവിലെ പത്തരയ്ക്ക് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

പോലീസുകാര്‍ തന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സാത്താന്‍കുളം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാരോട് നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. 'നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല'- എന്ന് കോണ്‍സ്റ്റബിള്‍ മഹാരാജന്‍ പറഞ്ഞതായി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സാത്താന്‍കുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത ജയരാജന്റെയും മകന്‍ ബെന്നിക്‌സിന്റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുടര്‍ന്നും തുറന്നു പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് ജൂണ്‍ 19ന് ജയരാജനെയും ബെന്നിക്‌സിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ ഇരുവര്‍ക്കും ഭീകരമര്‍ദനം നേരിടേണ്ടി വന്നുവെന്നും ഇതേത്തുടര്‍ന്നാണ് മരണമെന്നുമാണ് ആരോപണം. ജയരാജന്റെയും മകന്റെയും മരണത്തിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും നടന്നത്.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് തടയാന്‍ ജില്ല പോലീസ് ഭരണകൂടം എല്ലാ വിധത്തിലും ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് എന്നും ഹൈക്കോടതി പറഞ്ഞു. പോലീസുകാരെ സ്ഥലംമാറ്റണമെന്നും അല്ലാത്തപക്ഷം സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തുക ബുദ്ധിമുട്ടാണെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി.

content hghlights: thoothukudi policemen summoned by madras high court