ചെന്നൈ: മഴവെള്ളത്തില്‍ കാല്‍ നനയാതിരിക്കാന്‍ കസേരകളിലൂടെ നടന്ന് എം.പി. തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്‌സഭാ എം.പി. തോല്‍ തിരുമാവളവനാണ് കാല്‍നനയാതെ കാറിലെത്താന്‍ കസേരയിലൂടെ നടന്നത്. 

എം.പിയുടെ യാത്ര സുഖകരമാക്കാന്‍ അനുയായികള്‍ കസേര വലിച്ചു നീക്കുന്നതും കാണാം. വിടുതലൈ ചിരുതൈഗള്‍ കട്ച്ചി (വി.സി.കെ.) നേതാവായ തിരുമാവളവന്‍ ചിദംബരം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ വ്യാപക വിമര്‍ശം ഉയരുന്നുണ്ട്. തമിഴ്‌നാട്ടില്‍ പ്രത്യേകിച്ച് ചെന്നൈയിലും പരിസരപ്രദേശങ്ങളും മഴക്കെടുതിയില്‍ സാധാരണക്കാര്‍ വലയുമ്പോഴാണ് എം.പിയുടെ കസേരമേലുള്ള നടത്തം എന്നത് വിമര്‍ശനത്തിന് ആക്കം കൂട്ടുന്നുണ്ട്. 

തിരുമാവളവന്റെ ചെന്നൈ, വേളച്ചേരിയിലെ വീട്ടില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സൂചന. മഴക്കാലത്ത് വെള്ളക്കെട്ട് രൂപംകൊള്ളാറുള്ള മേഖലയാണിവിടം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു തിരുമാവളവന്‍. 

content highlights: thol thirumavalavan journey through chairs receives criticism