ന്യൂഡല്‍ഹി: മൂന്ന് പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കി എയര്‍ ഇന്ത്യ. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയര്‍ ഇന്ത്യ തുടരുന്നുണ്ട്‌. ഭാരത് രത്‌നാ ജേതാക്കള്‍, ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് ഹോള്‍ഡര്‍മാര്‍(ഇന്ത്യയുടെ ഭരണഘട നിര്‍മാണസഭയിലെ അംഗങ്ങള്‍), ആന്തമാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍- അവരുടെ വിധവകള്‍ എന്നിവര്‍ക്കാണ് എയര്‍ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ പറയുന്നത്.

എയര്‍ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്‌ന ജേതാവ് അമര്‍ത്യാ സെന്‍ ആണെന്ന് മുന്‍പ് ഇന്ത്യാ ടുഡേ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു. ഇതുവരെ 21 തവണയാണ് അമര്‍ത്യാ സെന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 

സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആയിരുന്ന എയര്‍ ഇന്ത്യ, ഭരണഘടനാ നിര്‍മാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ക്ക് ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുന്നത്. ആന്തമാന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍-അവരുടെ വിധവകള്‍ എന്നിവര്‍ക്ക് വര്‍ഷത്തിലൊരിക്കലാണ് സൗജന്യയാത്രയ്ക്കുള്ള അവസരം നല്‍കുന്നത്. 

2007-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിച്ചതിന് പിന്നാലെ ഒരിക്കല്‍പ്പോലും എയര്‍ ഇന്ത്യ ലാഭം നേടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം പതിനായിരം കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയര്‍ ഇന്ത്യക്ക് ഇപ്പോള്‍.

content highlights: this three category will get air india ticket