ഭോപ്പാല്‍: ജി.എസ്.ടി. എന്താണെന്ന് തനിക്ക് ഇതുവരെ മനസ്സിലാക്കാനായിട്ടില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് ധുര്‍വെ. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ തുറന്ന് പറച്ചില്‍. 

എനിക്ക് ജിഎസ്ടി എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ആ വിഷയത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവര്‍ക്കും സാവധാനത്തില്‍ മനസ്സിലാക്കാനാകുമെന്നും പ്രകാശ് ധുര്‍വെ പറഞ്ഞു. 

ഇതിനിടെ ധുര്‍വെയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കിയതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ യശ്വന്ത് സിന്‍ഹ അടക്കമുള്ള ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. മധ്യപ്രദേശ് ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഓംപ്രകാശ് ധുര്‍വെ.