ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടികള്‍ നടന്നത്.  

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂവെന്ന് രാജ് നിവാസിനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു. ഈ നിയമങ്ങള്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബി.ജെ.പിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി കര്‍ഷകരെ ആക്രമിക്കുകയാണ്-രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ 'സ്പീക്ക് അപ്പ് ഫോര്‍ കിസാന്‍ അധികാര്‍' എന്ന കാമ്പയിന്റെ ഭാഗമായായിരുന്നു ഇന്നത്തെ പ്രതിഷേധം. കോണ്‍ഗ്രസ് രാജ്യമെമ്പാടും ഇന്ന് കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുകയാണ്. രാജ്ഭവനു മുന്നില്‍ ഒത്തുചേരാന്‍ എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുളളവര്‍ പ്രതിഷേധിക്കാനെത്തിയത്.  

content highlights: this laws are not to help farmers but to finish them- rahul gandhi on farm laws