ന്യൂഡല്‍ഹി: ബാങ്കുകളില്‍ വായ്പ തിരിച്ചടക്കാതെ മനഃപൂര്‍വ്വം വീഴ്ച വരുത്തിയ 50 പേരെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറച്ചുവെച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ട 50 പേര്‍ ഭരണകക്ഷിയുടെ സുഹൃത്തുക്കളായതിനാലാണ് ബി.ജെ.പി. പാര്‍ലമെന്റില്‍ വിവരങ്ങള്‍ മറച്ചുവെച്ചതെന്ന് രാഹുല്‍ ആരോപിച്ചു. 

'പാര്‍ലമെന്റില്‍ ഞാന്‍ ലളിതമായ ഒരു ചോദ്യം ചോദിച്ചു. ഏറ്റവും വലിയ 50 ബാങ്ക് അഴിമതിക്കാരുടെ പേരുകള്‍ പറയുക, മറുപടി പറയാന്‍ ധനമന്ത്രി വിസമ്മതിച്ചു. നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ ബിജെപി സുഹൃത്തുക്കളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. പാര്‍ലമെന്റില്‍നിന്ന് സത്യം മറച്ചുവെച്ചത്.' രാഹുല്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് താന്‍ ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോയും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. 

ആക്ടിവിസ്റ്റ് സാകേത് ഗോഖലെയുടെ വിവരാവകാശ അപേക്ഷയിലാണ് ആര്‍.ബി.ഐ. ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച 50 പേരുടെ പട്ടിക പുറത്തുവിട്ടത്. ഇവരുടെ വായ്പകള്‍ എഴുതി തള്ളിയിട്ടുമുണ്ട്. 

രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതി തള്ളിയതായി കോണ്‍ഗ്രസ് പറഞ്ഞു. 2014 മുതല്‍ 2019 സെപ്റ്റംബര്‍ വരെ 6.66 ലക്ഷം കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Content Highlights: This Is Why Truth Was Hidden": Rahul Gandhi On RBI's Defaulters List