ന്യൂഡൽഹി: ''ഇന്ത്യയിലെ ജനപ്രിയ നേതാക്കളിലൊരാളായി തേജസ്വി യാദവ് മാറിക്കൊണ്ടിരിക്കുന്നത് എത്ര വേഗത്തിലാണെന്നറിയാന്‍ ഈ വീഡിയോ അവസാനം വരെ കണ്ടു നോക്കൂ''- മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയിയുടെ സന്തത സഹചാരികളിലൊരാളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി വീഡിയോ ഉള്‍പ്പെടുന്ന പോസ്റ്റ് റിട്വീറ്റ് ചെയ്ത് കുറിച്ചതിങ്ങനെ. കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുറത്താക്കാനായില്ലെങ്കിലും ആര്‍ജെഡിയുടെ യുവനേതാവ് തേജസ്വി യാദവിന് ജനങ്ങളിലും ഭരണ കേന്ദ്രങ്ങളിലുമുള്ള സ്വാധീനം വിളിച്ചോതി പ്രചരിക്കുന്ന വീഡിയോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

പട്‌നയില്‍ ഒരു സംഘം അധ്യാപകരുടെ ധര്‍ണക്കിടെ എത്തിച്ചേരാനിടയായ തേജസ്വി യാദവ് അവരുടെ ഒരാവശ്യത്തിനായി ഇടപെടുന്നതും ജില്ലാ മജിസ്ട്രേറ്റിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അധ്യാപകര്‍ക്ക് ഇരുന്ന് പ്രതിഷേധിക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാദവ് ഇടപെട്ടത്. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് എന്നീ പ്രമുഖ വ്യക്തികളുമായി യാദവ് സംസാരിച്ചു. 

ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ്ങുമായി യാദവ് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യമാണ് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അധ്യാപകര്‍ക്ക് ധര്‍ണ നടത്താന്‍ അനുമതി ലഭിച്ചില്ലെന്നും ലാത്തി ചാര്‍ജുണ്ടായതായും അവരുടെ ഭക്ഷണപ്പൊതികള്‍ പോലീസ് വലിച്ചെറിഞ്ഞതായും ജില്ലാ മജിസ്ട്രേറ്റിനോട് പറയുന്ന യാദവ് പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

അധ്യാപകരുടെ അപേക്ഷ താന്‍ വാട്‌സാപ്പ് സന്ദേശമായി അയക്കാമെന്ന് യാദവ് പറയുകയും താനത് നോക്കാമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഇവര്‍ എത്ര നേരം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യം അത്ര രസിക്കാത്ത ചന്ദ്രശേഖര്‍ സിങ് തന്നെ ചോദ്യം ചെയ്യാന്‍ ഇയാളാരാണെന്ന മട്ടില്‍ മറുചോദ്യമുന്നയിക്കുന്നു. മജിസ്‌ട്രേറ്റ് സാഹിബ് ഞാന്‍ തേജസ്വി യാദവാണ് സംസാരിക്കുന്നത് എന്ന് യാദവ് മറുപടി നല്‍കുന്നു. 

നിമിഷനേരത്തേക്ക് മറുതലയ്ക്കല്‍ നിശബ്ദതയാണ് പിന്നെ. പിന്നാലെ 'ഒകെ സര്‍ ഒകെ സര്‍' എന്ന മറുപടിയും. ആ  മറുപടി കേട്ടയുടനെ യാദവിന്റെ ചുറ്റും കൂടിയിരുന്ന അധ്യാപക സംഘത്തിന്റെ കൂട്ടച്ചിരിയും. ഉടനെ വേണ്ട നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ രാത്രി മുഴുവനും തങ്ങള്‍ ഇവിടെത്തന്നെ ചെലവിടുമെന്നും പറഞ്ഞ് യാദവ് കോള്‍ കട്ട് ചെയ്യുന്നു. 

 

Content Highlights: This Is Tejashwi Yadav Speaking A Phone Call In Bihar Goes Viral