ന്യൂഡല്‍ഹി: ട്വിറ്റര്‍ പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ നടത്തിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്ററിന്റെ നടപടി രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

'രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്റര്‍ നടപടി അംഗീകരിക്കാനാകില്ല. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അപകടകരമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുള്ള ആക്രമണമല്ല നടക്കുന്നത്, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല ട്വിറ്റര്‍ പൂട്ടിടുന്നത്. 20 മില്യണ്‍ വരുന്ന തന്റെ ഫോളോവേഴ്‌സിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ട്വിറ്റര്‍ ഇല്ലാതാക്കിയിരിക്കുന്നത്.

ഇത് തികച്ചും അനീതിയാണെന്ന് മാത്രമല്ല, ട്വിറ്റര്‍ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണ്. ഒരു പാര്‍ട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ ഏറെ അപകടം നിറഞ്ഞ കാര്യമാണ്. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റര്‍ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരിച്ചടി നേരിടേണ്ടി വരും.' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയടക്കം നിരവധി പേരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലികയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും മരവിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

content highlights: This is an attack on the democratic structure of the country - Rahul gandhi against twitter