ന്യൂഡല്‍ഹി: 'ഈ സ്ഥാപനം സര്‍ക്കാരിന്റെ ബന്ദിയല്ലെ'ന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
കോവിഡ് 19 പരിശോധനകള്‍ നടത്തി രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് അനുവാദം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി.
ജനങ്ങളുടെ പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നടപ്പാക്കാതിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ വീക്ഷണം പരിശോധിക്കാതെ അന്ധമായി പരിഗണിക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞപ്പോഴാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ ബന്ദിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്.
പ്രശാന്ത് ഭൂഷണ് വ്യവസ്ഥിതിയില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കോടതി അദ്ദേഹത്തിന്റെ വാദം കേള്‍ക്കുന്നതെന്ന് എന്‍.വി.രമണ, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. അഹമ്മദാബാദ് ഐഐഎമ്മിന്റെ മുന്‍ ഡയറക്ടര്‍ ജഗദീപ് എസ് ചോക്കര്‍, അഭിഭാഷകന്‍ ഗൗരവ് ജെയിന്‍ എന്നിവര്‍ക്കുവേണ്ടിയാണ് പ്രശാന്ത് ഹാജരായത്.
'ഇത് ഭരണഘടനയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു സ്ഥാപനമാണ്. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. അക്കാര്യം വേദനയോടെ പ്രകടിപ്പിക്കാന്‍ എനിക്ക് അര്‍ഹതയുണ്ട്' പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമില്ല. ഈ സ്ഥാപനം കേന്ദ്രത്തിന്റെ ബന്ദിയല്ലെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാല്‍ തനിക്ക് ഈ സ്ഥാപനത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, വിരമിച്ച ചില ജഡ്ജിമാരും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മൗലികാവകാശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് തനിക്ക് മാത്രമാണ് ആശങ്കയുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ കരുതരുത് എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെയധികം ശ്രദ്ധാലുവാണെന്നും തൊഴിലാളികള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ പരിശ്രമിക്കുകയാണെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുടിയേറ്റ തൊഴിലാളികളെ അന്തര്‍സംസ്ഥാന യാത്രക്ക് അനുവദിക്കുന്ന എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രത്തിന് കോടതി ഒരാഴ്ചത്തെ സമയം നല്‍കി. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപന സമിതിയല്ല കോടതിയെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Content Highlights: 'This institution is not hostage of Govt': Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..