
കോൺഗ്രസ് ട്വീറ്റ് ചെയ്ത ഫോട്ടോ | ഫോട്ടോ: https:||twitter.com|INCUttarPradesh|
ലക്നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ഒരു ഫോട്ടോ സൃഷ്ടിക്കുന്ന പുകിലുകളാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വാര്‍ത്ത. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ഒരുമിച്ചുള്ള ഫോട്ടോയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്. മുഖ്യശത്രുവായ ബിജെപിക്കെതിരേ സമാജ് വാദി പാർട്ടിയും കോണ്‍ഗ്രസും വെവ്വേറെ പടയൊരുക്കം നടത്തുന്നതിനിടെയാണ് പുതിയ വിവാദം.
ഡെല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുലായം സിങ്ങും മോഹന്‍ ഭഗവതും കണ്ടതും ഫോട്ടോ എടുത്തതും. മുലായം സിങ്ങും മോഹന്‍ ഭാഗവതും ഒരു ഇരിപ്പിടത്തില്‍ അടുത്തടുത്തായി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര മന്ത്രി അര്ജുന് മേഗ്വാള്‍ മോഹന്‍ ഭഗവതില്നിന്ന് അനുഗ്രഹം തേടുന്നതും ചിത്രത്തില്‍ കാണാം. അര്ജുന് മേഗ്വാള്‍ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തതും.
പിന്നീട് കോണ്‍ഗ്രസ് ഈ ഫോട്ടോ ഏറ്റെടുക്കുകയും സമാജ്വാദി പാര്‍ട്ടിക്കെതിരേ ഉപയോഗിക്കുകയും ചെയ്തു. പുതിയ എസ്.പി. (സമാജ്വാദി പാര്‍ട്ടി) യിലെ എസ് അര്ഥംവെക്കുന്നത് സംഘ്വാദ് എന്നാണോ? എന്ന് ചോദിച്ചുകൊണ്ട് യു.പി. കോണ്‍ഗ്രസ് ഈ ചിത്രം ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപിയും ഈ ചിത്രം ട്വീറ്റ് ചെയ്തു. ഒരു ചിത്രം നിരവധി കാര്യങ്ങള്‍ പറയുന്നു, എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം പങ്കുവെച്ചത്.
കോണ്‍ഗ്രസിന്റെ ആക്രമണത്തിന് മറുപടിയുമായി സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. ഒരു ചടങ്ങില്‍നിന്നുള്ള ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. അവരുടെ സഖ്യകക്ഷിയായ എന്‍സിപി നേതാക്കള്‍ അടക്കമുള്ളവര്‍ നേതാജി (മുലായം സിങ്)യില്നിന്ന് അനുഗ്രഹം വാങ്ങിയിരുന്നു. ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് എന്താണ് പറയാന്‍ ശ്രമിക്കുന്നത്?, കോണ്‍ഗ്രസിന്റെ ട്വീറ്റ് മറുപടിയായി സമാജ്വാദി പാര്‍ട്ടി ചോദിക്കുന്നു.
സമാജ് വാദി പാര്‍ട്ടി നേതാവും മുലായം സിങ്ങിന്റെ മകനുമായ അഖിലേഷ് യാദവിനെ ലക്ഷ്യംവെച്ചുള്ള ആദായനികുതി റെയ്ഡുകള്‍ നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് കൂടിക്കാഴ്ച എന്നതും സംഭവത്തിന് പുതിയൊരു മാനം നല്കുന്നു. റെയ്ഡിനു പിന്നാലെ ബിജെപിക്കെതിരേ അഖിലേഷ് യാദവ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അഖിലേഷ് ആരോപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..