ന്യൂഡല്‍ഹി: ഇത്തവണത്തെ ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ അനുഭവത്തില്‍ നിന്നാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരമന്‍.  ഈ സമയത്ത് നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അവര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

'പ്രധാനമന്ത്രി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ഈ ബജറ്റ് വരുന്നത്. ഗുജറാത്തില്‍ 1991 ന് ശേഷം നിരവധി പുനരുജ്ജീവനങ്ങള്‍ നടന്നിരുന്നു, ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണത്തോടുള്ള പ്രതിബദ്ധത ഈ ബജറ്റില്‍ ചേര്‍ത്തു' നിര്‍മലാ സീതാരമന്‍ പറഞ്ഞു.

ഈ രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ച നിലനിര്‍ത്തുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് കോവിഡ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പരിഹാസത്തോടെയാണ് ധനമന്ത്രി മറുപടി നല്‍കിയത്. തങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍ ഈ രാജ്യത്തെ സാധാരണ ജനങ്ങളാണെന്ന് പറഞ്ഞ നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെയാണെന്നും ചോദിച്ചു.

'എവിടെയാണ് ഉറ്റസുഹൃത്തുക്കള്‍? ജനങ്ങള്‍ തള്ളിക്കളഞ്ഞ ആ പാര്‍ട്ടിയുടെ നിഴലില്‍ അവര്‍ ഒളിച്ചിരിക്കാം. തുറന്ന ടെന്‍ഡറുകളും ആഗോള ടെന്‍ഡറുകളുമില്ലാതെ ഒരു തുറമുഖം വികസിപ്പിക്കാന്‍ പോലും അവര്‍ ക്ഷണിച്ചിരുന്നു ഉറ്റ സുഹൃത്തുക്കളെ. എന്നാല്‍ ആരാണ്‌ ഞങ്ങളുടെ കൂട്ടുകാര്‍?, ഈ രാജ്യത്തെ സാധാരണ ജനങ്ങളാണ് ഞങ്ങളുടെ കൂട്ടുകാര്‍' മന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി വിവിധ വിഷയങ്ങളില്‍ വ്യാജ വിവരണങ്ങള്‍ സൃഷ്ടിച്ചുവെന്നും ധനമന്ത്രി ആരോപിച്ചു. 'ഡൂംസ്‌ഡേ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് രാഹുലിനെ അവര്‍ വിശേഷിപ്പിച്ചത്. 

Content Highlights: This Budget draws from the experience of the PM when he was CM-Nirmala Sitharaman