ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികള്‍ ചിലപ്പോഴെങ്കിലും ഒരു അതൃപ്തി സൃഷ്ടിക്കാറുണ്ട്. എത്തിയ അതിഥി ദിവസങ്ങളോളം ആഴ്ചകളോളം സ്ഥിരതാമസമാക്കിയാലോ?! അത്തരമൊരു കഥയുണ്ട് നാഗ്പുര്‍ വിമാനത്താവളത്തില്‍ 24 വര്‍ഷം നിര്‍ത്തിയിട്ട ബോയിങ് 720 വിമാനത്തിന്. കാരണം 1991ല്‍ നാഗ്പുര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ആ വിമാനം അടുത്ത 24 വര്‍ഷം മറ്റൊരിടത്തേക്കും തിരിച്ചുപറന്നിട്ടേ ഇല്ല.. ക്ഷണിക്കപ്പെടാതെ എത്തി ബാധ്യതയായി തീര്‍ന്ന ആ അതിഥി വിമാനത്തിന്റെ കഥ ഇങ്ങനെ.. 

1991 ജൂലൈ 21നാണ് ബോയിങ് 720 വിമാനം നാഗ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. അന്ന് കോണ്ടിനെന്റല്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം സ്വകാര്യ യാത്രയ്ക്കാണ് ഉപയോഗിച്ചിരുന്നത്‌. സാധാരണയായി സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ തൊട്ടുപിന്നാലെ കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാറാണ് പതിവ്. എന്നാല്‍ നാഗ്പുരില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ആരും എത്തിയില്ലെന്നു മാത്രമല്ല ബോയിങ് 720 വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ഒറ്റപ്പെട്ടുകിടന്നു. അത് ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം നീണ്ടു. 2015 വരെ വിമാനം ആ സ്ഥാനത്ത് നിന്ന് അനങ്ങിയില്ല. വിമാനത്തെ തേടി ആരും എത്തിയുമില്ല. 

പഴഞ്ചന്‍ വിമാനം തിരിച്ചെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വിമാനകമ്പനി അറിയിച്ചത്. റണ്‍വേയില്‍ പാര്‍ക്ക് ചെയ്തതില്‍ വിമാനത്തിനുള്ള പാര്‍ക്കിങ് ഫീസ് ലക്ഷങ്ങളോളം ഉയര്‍ന്നെങ്കിലും തുക അടയ്ക്കാനും സി.എ.പി.എല്‍ തയ്യാറായില്ല. ഒടുവില്‍ കേസ് മുംബൈ ഹൈക്കോടതിയിലെത്തി. 

വര്‍ഷം രണ്ട് പിന്നിട്ടപ്പോള്‍ വിമാനസര്‍വീസുകളുടെ എണ്ണം കൂടി. വിമാനത്താവളത്തില്‍ ഒരു സ്ഥാനത്ത് തന്നെ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം വലിയ പ്രശ്‌നമായി തുടര്‍ന്നു. മറ്റ് വിമാനങ്ങള്‍ വന്നുപോകുന്നതിന് തടസ്സം നേരിട്ടു. തുടര്‍ന്ന് വിമാനം നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1993ല്‍ നിരന്തര പരിശ്രമത്തിനു ശേഷം വിമാനത്തെ 90 മീറ്റര്‍ നീക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. എന്നിരുന്നാലും ബോയിങ് 720 ഉണ്ടാക്കിയ തടസ്സം പൂര്‍ണമായും ഒഴിവാക്കാനായില്ല. മറ്റ് സര്‍വീസുകള്‍ക്കുള്ള തടസ്സം പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ 150 മീറ്റര്‍ എങ്കിലും വിമാനത്തെ നീക്കണമായിരുന്നു. 

വിമാനം പൂര്‍ണമായും നീക്കണമെന്ന് നിരവധി തവണ ഡിജിസിഎ നാഗ്പുര്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇവയെല്ലാം അവഗണിക്കപ്പെട്ടു. ഒടുവില്‍ 2011ല്‍ വിമാനത്താവളത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്ന് ഡിജിസിഎ കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബോയിങ് 720 റണ്‍വേയില്‍ നിന്ന് 600 മീറ്റര്‍ നീക്കിവെച്ചത്. 

ഒടുവില്‍ 2015ല്‍ നാഗ്പുര്‍ വിമാനത്താവളത്തിന്റെ ചുമതലയേറ്റെടുത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോയിങ് 720ന്റെ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങി. വെറും അര മണിക്കൂറിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടു, വിമാനം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അങ്ങനെ 2015 സെപ്തംബര്‍ 29ന് ബോയിങ് വിമാനം നാഗ്പുര്‍ ഫ്‌ളൈയിങ് ക്ലബ്ബിലേക്ക്, പുതിയ വീട്ടിലേക്ക് പറന്നു. ഏറെക്കാലം നാഗ്പുര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തിയ, അപകട സാധ്യത വര്‍ധിപ്പിച്ച ആ വിമാനത്തിന് അതിന്റെ പുതിയ വീട്ടിലേക്ക് പറക്കാന്‍ പുതിയ ജോഡി ടയറുകള്‍ മാത്രമാണ് വേണ്ടി വന്നത് എന്നത് അധികൃതരെ പോലും ഞെട്ടിച്ച മറ്റൊരു സത്യം !