ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനേ കൂട്ടാന്‍ നീക്കം.  ഭൂരിഭാഗം വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തോളം വര്‍ധിപ്പിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സാണിത്.

1000 സിസി മുതല്‍ 1500 സിസി വരെയുള്ള പ്രീമിയം കാറുകളുടെ പ്രീമിയം 50 ശതമാനം കൂട്ടണമെന്നാണ് പ്രധാന നിര്‍ദേശം. 

മാരുതി ആള്‍ട്ടോ, ടാറ്റാ നാനോ, ഡാറ്റ്‌സണ്‍ ഗോ എന്നീ കാര്‍ മോഡലുകള്‍ക്കും പിക് അപ്- മിനി വാനുകള്‍ക്കും ഈ വര്‍ധനവ് ബാധകമാക്കേണ്ട എന്നും നിര്‍ദേശത്തില്‍ പറയുന്നു. 50 ശതമാനം കൂട്ടാനാണ് ശുപാര്‍ശയെങ്കില്‍ 25 മുതല്‍ 30 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് സൂചന. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രീമിയം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്‌.

സാധാരണ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കാനാണ് ഡീലര്‍മാരും നിര്‍ദേശിക്കുക. ഉയര്‍ന്ന കമ്മീഷനാണ് ഇതിന് ഒരു ഘടകം. വായ്പ തിരിച്ചടവ് പൂര്‍ത്തിയാകുന്നതോടെ നാല്, അഞ്ച് വര്‍ഷത്തോടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ശതമാനത്തോളം കുറയും. ഫുള്‍കവര്‍ ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിഹിതം 30 ശതമാനം മാത്രമാണ്‌.

ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ രേഖകള്‍ പ്രകാരം, രാജ്യത്ത് ഇന്‍ഷുര്‍ ചെയ്ത 19 കോടിയോളം വാഹനങ്ങളില്‍ 8.26 കോടി വാഹനങ്ങള്‍ക്കു മാത്രമാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളത്.