ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം ഉടന്‍ അവസാനിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒന്നും രണ്ടും ഘട്ട വ്യാപനങ്ങള്‍ പോലെ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനവും വേഗത്തില്‍ അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖാവരണം ധരിക്കുന്നന്നത് ശീലമാക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

" കൊറോണയ്ക്ക് ഒരു മരുന്ന് ഉണ്ടാകുന്നതുവരെ മുഖാവരണമാണ് മരുന്ന്. കോവിഡ് അണുബാധ തടയുന്നതിനുള്ള ഏറ്റവും വലിയ സംരക്ഷണം ഇവയാണ്. മുഖാവരണം ധരിക്കുന്നത് ഒരു ജനകീയ നീക്കമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പലരും കഴുത്തിലോ മൂക്കിന് താഴെയോ മുഖാവരണങ്ങള്‍ ധരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മുഖാവരണം ധരിച്ച് ശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ മറ്റ് മാര്‍ഗമില്ല." - അദ്ദേഹം പറഞ്ഞു. 

മാര്‍ച്ചില്‍ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് രോഗബാധിതരായ ഇന്ത്യക്കാര്‍ എത്തിയപ്പോള്‍ കൊറോണ വൈറസ് മൂലം ഏറ്റവും പ്രയാസകരമായ സാഹചര്യമാണ് ഡല്‍ഹി നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 

നേരത്തെ ദേശീയ തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നഗരത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.

Third coronavirus wave will end soon in Delhi: CM Arvind Kejriwal