ന്യൂഡല്‍ഹി: നിഗംബോധ്ഘട്ടില്‍ ഞായറാഴ്ച നടന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനെത്തിയ ബിജെപി എംപി ബാബുല്‍ സുപ്രിയോ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 പേരുടെ ഫോണുകളാണ് ചടങ്ങിനിടെ മോഷണം പോയത്. പതഞ്ജലിയുടെ ഔദ്യോഗിക വക്താവായ എസ് കെ തിജാരവാലയാണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 

മുന്‍മന്ത്രിയ്ക്ക് വിട നല്‍കുന്ന ചടങ്ങില്‍ ഏറെ ദുഃഖിതനായി പങ്കെടുക്കുന്നതിനിടെ, അദ്ദേഹത്തിന്റെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും തന്നോട് വിടപറഞ്ഞു എന്ന കുറിപ്പോടെയാണ് തിജാരവാല ട്വീറ്റ് ചെയ്തത്. ചടങ്ങിന്റെ ചിത്രങ്ങളുള്‍പ്പെടെയാണ് ആസ്താ ടെലിവിഷന്റെ മേധാവി കൂടിയായ തിജാരവാല തന്റെയും ബാബുല്‍ സുപ്രിയോ എംപിയുടേയും മറ്റ് ഒമ്പത് പേരുടേയും ഫോണുകള്‍ നഷ്ടമായതിന്റെ പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. 

ആഭ്യന്തരമന്ത്രി അമിത് ഷായേയും ഡല്‍ഹി പോലീസിനേയും ടാഗ് ചെയ്താണ് തിജാരവാല ട്വീറ്റ് ചെയ്തത്. തുടരെയുള്ള ട്വീറ്റുകളിലൂടെ തന്റെ ഫോണിന്റെ നിലവിലെ ലൊക്കേഷനും ഇദ്ദേഹം സൂചിപ്പിക്കുന്നു.

ബാബുല്‍ സുപ്രിയോ തിജാരവാലയെ അനുകൂലിച്ച് മറുപടിയുമായെത്തി. 'മോഷണമല്ല ദാദാ, പോക്കറ്റടിയാണ് നടന്നത്, ആറോളം പേര്‍ക്ക് ഒരേ സമയമാണ് ഫോണ്‍ നഷ്ടമായത്, അയാളുടെ കൈയില്‍ കടന്നു പിടിച്ചെങ്കിലും ഫോൺ വഴുതിപ്പോയതിനാൽ അവന്‍ രക്ഷപ്പെട്ടു. ഫോണ്‍ പോക്കറ്റടിച്ചതായി 35 പേർ എന്നോട് പരാതി പറഞ്ഞു.' 

ട്വീറ്റ് മുഖവിലയ്‌ക്കെടുത്ത് പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും രേഖാമൂലമുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉന്നതപോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. 

 

Content Highlights: Thief steals phones of Babul Supriyo,10 others at Jaitely's cremation