അഹമ്മദാബാദ്: പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം ഇന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

രാജസ്ഥാന്‍ പോലീസിനു നേരെയാണ് തൊഗാഡിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു. തന്റെ മുറിയില്‍ വന്ന് ഒരാള്‍ തെളിവു സഹിതം ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ആരെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.

തന്നെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്നലെ രാവിലെ വീട്ടില്‍ പോലീസ് വന്നു. പൂജയും മറ്റു കാര്യങ്ങളും കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം വരാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. പത്തുവര്‍ഷത്തിനു മുന്‍പുള്ള കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലും തന്റെ കൈവശം ഉണ്ടായിരുന്നില്ല. തന്നെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനായിരുന്നു അവര്‍ ശ്രമച്ചത്.

തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ അത്തരമൊരു പോലീസം സംഘം എത്തിയതായി അറിവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. തുടര്‍ന്ന് താന്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നെന്നും തൊഗാഡിയ വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസ് തന്നെയാണ് അറസ്റ്റ് ചെയ്യാന്‍ എത്തിയത് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെന്നും തൊഗാഡിയ പറയുന്നു. ഒറ്റയ്ക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. 

ഇന്നലെ രാവിലെയോടെ പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന കാണിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പരാതിനല്‍കിയിരുന്നു.  ഇന്നലെ അര്‍ധരാത്രിയാണ് അര്‍ധബോധാവസ്ഥയില്‍ അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു. തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്നിരിക്കെയാണ് തൊഗാഡിയയെ അറസ്‌ററ് ചെയ്യാനുള്ള നീക്കം നടക്കുന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്നും വി.എച്ച്.പി. ആരോപിച്ചിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രവീണ്‍ തൊഗാഡിയ പറയുകയും ചെയ്തിരുന്നു.

പ്രവീണ്‍ തൊഗാഡിയയെ നരേന്ദ്ര മോദി വേട്ടയാടുകയാണെന്ന് വിഎച്ച്പി ആരോപിക്കുന്നു. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തൊഗാജിയയെ നീക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ മോദിയടക്കമുള്ളവര്‍ ശ്രമം നടത്തിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആശുപത്രിയിലുള്ള തൊഗാഡിയയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

Content Highlights: Pravin Togadia, VHP, Vishwa Hindu Parishad chief