മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. ചിലരോട് അവര്‍ക്ക് പ്രത്യേക സ്‌നേഹമാണെന്ന് പവാര്‍ പ്രതികരിച്ചു. പവാര്‍, മകള്‍ സുപ്രിയ സുലെ എം.പി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2009, 2014, 2020 വര്‍ഷങ്ങളിലെ സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയിട്ടുള്ളത്. നോട്ടീസിന് മറുപടി നല്‍കും. രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് താന്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിച്ചു. 

കാര്‍ഷിക ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു. എംപിമാര്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉത്തരം ലഭിക്കാതെ വന്നതോടെയാണ് എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. അഭിപ്രായം രേഖപ്പെടുത്തിയതിനാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭാ ഉപാധ്യക്ഷന്‍ നിയമാനുസൃതമല്ല പ്രവര്‍ത്തിച്ചതെന്നും രാജ്യസഭാംഗം കൂടിയായ ശരദ് പവാര്‍ ആരോപിച്ചു.

Content Highlights: They love some people: Sharad Pawar on I-T notices