പട്‌ന : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍ഡിഎ സഖ്യ കക്ഷിയായ ജെഡിയു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

ഈ നിയമങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭാജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു.' ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക്  മതം, അല്ലെങ്കില്‍ ജാതി എന്നിവ പരിഗണിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു' ത്യാഗി പറഞ്ഞു. ഈ വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടേച്ചര്‍ത്തു.

ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. 'മതസ്വാതന്ത്ര്യ ബില്‍ 2020'-ന് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന.

ബിഹാറില്‍ ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയു ഇത്തരത്തിലൊരു പ്രമേയം പാസാക്കിയത് മുന്നണിക്കുള്ളിലെ ഭിന്നത വലുതാക്കിയിട്ടുണ്ട്. നേരത്തെ അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നിപ്പിനിടയാക്കിയിരുന്നു. സഖ്യ ധര്‍മ്മത്തിന്റെ ലംഘനം എന്നാണ് അരുണാചലിലെ സംഭവ വികാസങ്ങളെ ജെഡിയു ദേശീയ എക്‌സിക്യുട്ടീവ് വിശേഷിപ്പിച്ചത്. 

നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് വ്യത്യസ്ത സമീപനങ്ങളുണ്ടെന്ന് ബിഹാര്‍ ബിജെപി വക്താവ് പ്രേംരഞ്ജന്‍ പറഞ്ഞു. സര്‍ക്കാരിനെ നയിക്കുന്നത് സാധാരണ പരിപാടികളാണ്. 'ലവ് ജിഹാദ്' നിയമം പാര്‍ട്ടിയുടെ അജണ്ടയിലില്ല, ഒരു ബിജെപി നേതാവും അത് ആവശ്യപ്പെട്ടിട്ടില്ല.' അദ്ദേഹം പറഞ്ഞു.

Content Highlights: They create social hatred and division-JD(U) defies ally BJP on anti-conversion laws